
തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ നടപടികൾ ശക്തമാക്കി പോലീസ്. ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ ആരംഭിച്ച പരിശോധനയുടെ ഭാഗമായി അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപന ഉടമകൾക്കെതിരെയും കർശന നടപടി സ്വീകരിക്കും.
ലൈസൻസും മതിയായ നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന സ്പാകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടൽ. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിനകത്തുനിന്നും പുറത്തുനിന്നും യുവതികളെ എത്തിച്ച് സ്പാകളിൽ ജോലി ചെയ്യിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ ഉപഭോക്താക്കളെ സാമ്പത്തികമായി വഞ്ചിക്കുന്നതായും പരാതികളുണ്ട്.
കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ റെയ്ഡുകളും നിയമനടപടികളും കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.
സ്പാകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും യുവതികളെയും കുടുംബങ്ങളെയും ചൂഷണങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുമായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.










